2012, മാർച്ച് 17, ശനിയാഴ്‌ച


നൂറാം സെഞ്ച്വറിയുടെ നിറം കെടുത്തിയ തോല്‍വി 





മിര്‍പുര്‍ : സച്ചിന്‍ തെണ്ടുല്‍ക്കറുടെ ചരിത്രം കുറിച്ച നൂറാം സെഞ്ച്വറിയുടെ സകല മാറ്റും കളഞ്ഞുകുളിച്ചുകൊണ്ട് ഇന്ത്യയ്ക്ക് ബംഗ്ലാദേശിനോട് നാണംകെട്ട തോല്‍വി. സച്ചിന്‍ സെഞ്ച്വറി നേടുമ്പോള്‍ ഇന്ത്യ തോല്‍ക്കുന്നുവെന്ന നാട്ടുചൊല്ലിനെ ഒരിക്കല്‍ക്കൂടി അടിവരയിടുന്നതായി ഇന്ത്യയുടെ പരാജയം.

ഏഷ്യാകപ്പിലെ രണ്ടാം മത്സരത്തില്‍ അഞ്ചു വിക്കറ്റിനാണ് ഇന്ത്യയെ തോല്‍പിച്ചത്. 289 റണ്‍സ് എന്ന ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം നാല് പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ബംഗ്ലാദേശ് മറികടന്നത്. ദുര്‍ബലമായ ഇന്ത്യന്‍ ബൗളിങ്ങിനെ ശരിക്കും പ്രഹരിച്ച ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാരാണ് ടീമിന് അഭിമാനകരമായ വിജയം സമ്മാനിച്ചത്. 99 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത തമിം ഇഖ്ബാലാണ് ടോപ്‌സ്‌കോറര്‍. ജഹുറുല്‍ ഇസ്ലാം (53), നാസിര്‍ ഹുസൈന്‍ (54), ഷാഖിബ് അല്‍ ഹസന്‍ (49) മുഷ്ഫിഖുര്‍ റഹീം (46 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ് മികവാണ് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്. മൂന്ന് മികച്ച പാര്‍ട്ണര്‍ഷിപ്പുകളാണ് ബംഗ്ലാദേശിനു ലഭിച്ചത്. ഇതില്‍ ജഹുറുല്‍ ഇസ്ലാം-തമിം സഖ്യം 113 ഉം ഷാഖിബ്-നാസിര്‍ ഹുസൈന്‍ സഖ്യം 68ഉം നാസിര്‍ മിഷ്ഫിഖുര്‍ സഖ്യം 64 റണ്‍സുമാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ഇതില്‍ സ്‌കോര്‍ 224ല്‍ എത്തി നില്‍ക്കെ 42-ാം ഓവറില്‍ ഷാഖിബ് പുറത്തായപ്പോള്‍ മാത്രമാണ് ബംഗ്ലാദേശ് പേരിനെങ്കിലും വിറച്ചത്.

ഇന്ത്യന്‍ ബൗളര്‍മാരില്‍ ഇര്‍ഫന്‍ പഠാനും ദിണ്ഡയുമം രാഹുല്‍ ശര്‍മയുമെല്ലാം കണക്കിന് അടി വാങ്ങി. പത്തോവറില്‍ 56 റണ്‍സെടുത്ത പ്രവീണ്‍കുമാര്‍ മൂന്നു വിക്കറ്റെടുത്തു. അശ്വിനും ജഡേജയുമാണ് മറ്റു വിക്കറ്റുകള്‍ സ്വന്തമാക്കിയത്. അവസാന ഓവറുകളില്‍ ഇര്‍ഫന്‍ പഠാന്‍ വഴങ്ങിയ സിക്‌സറുകളും ബൗണ്ടറികളുമാണ് വിധി ബംഗ്ലാദേശിന് അനുകൂലമാക്കിയത്.

നേരത്തെ ഇന്ത്യന്‍ ഇന്നിങ്‌സിന് അഭിമാനിക്കാന്‍ സച്ചിന്റെ നൂറാം അന്താരാഷ്ട്ര സെഞ്ച്വറി മാത്രമാണ് ഉണ്ടായിരുന്നത്. 147 പന്തില്‍ നിന്നാണ് സച്ചിന്‍ 114 റണ്‍സ് എടുത്തത്. 12 ബൗണ്ടറികള്‍ അകമ്പടി സേവിച്ച ഈ ഇന്നിങ്‌സില്‍ ഒരു സിക്‌സര്‍ മാത്രമാണ് പിറന്നത്. വിരാട് കോലി 66 ഉം സുരേഷ് റെയ്‌ന 51 ഉം റണ്‍സെടുത്തു.

രണ്ട് നിര്‍ണായക കൂട്ടുകെട്ടുകളിലും സച്ചിന്‍ പങ്കാളിയായിരുന്നു. വിരാട് കോലിയുമൊത്ത് രണ്ടാം വിക്കറ്റില്‍ 148 റണ്‍സിന്റെയും മൂന്നാം വിക്കറ്റില്‍ സുരേഷ് റെയ്‌നയ്‌ക്കൊപ്പം 86 റണ്‍സിന്റെയും കൂട്ടുകെട്ടുകളാണ് സച്ചിന്‍ പടുത്തുയര്‍ത്തിയത്. ധോനി 21 റണ്‍സെടുത്തു പുറത്താകാതെ നിന്നു.

സെഞ്ച്വറികളില്‍ സെഞ്ച്വറി


നൂറില്‍ നൂറ് തികഞ്ഞു. സെഞ്ച്വറികളില്‍ സെഞ്ചൂറിയനായി സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ പുതിയൊരു ചരിത്രമെഴുതി. നൂറ് സെഞ്ച്വറി തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരം എന്ന ബഹുമതിയും റെക്കോഡുകളുടെ സഹയാത്രികനായ സച്ചിന് ഇനി സ്വന്തം. ഒരു പക്ഷേ ക്രിക്കറ്റ് ലോകം സച്ചിന് മാത്രം കഴിയുന്നത് എന്ന് കാത്തിരുന്ന അപൂര്‍വ റെക്കോഡാണിത്.

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെയാണ് സച്ചിന്‍ ഈ അത്യപൂര്‍വനേട്ടം കൈപ്പിടിയിലൊതുക്കിയത്. 138 പന്തുകളില്‍ നിന്നാണ് സച്ചിന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതില്‍ പത്ത് ഫോറുകളും ഒരു സിക്‌സറും അടങ്ങുന്നു. 99 സെഞ്ച്വറി പൂര്‍ത്തിയാക്കി ഒരു വര്‍ഷവും നാല് ദിവസവുമെടുത്തു കായിക ലോകം കാത്തിരുന്ന ഈ മുഹൂര്‍ത്തം പിറക്കാന്‍. കഴിഞ്ഞ വര്‍ഷം നാഗ്പൂരില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മാര്‍ച്ച് 12 നായിരുന്നു 99 ാമത്തെ സെഞ്ച്വറി. അതിന് ശേഷം 34 ഇന്നിങ്‌സുകളില്‍ സച്ചിന്‍ ക്രീസിലിറങ്ങിയെങ്കിലും നൂറാമത്തെ സെഞ്ച്വറി പിറക്കാന്‍ 2012 മാര്‍ച്ച് 16 വരെ കാത്തിരിക്കേണ്ടി വന്നു. ഇതിനിടയ്ക്ക് 34 ഇന്നിങ്‌സുകളിലായി പലതവണ 90 കളിലും 80 കളിലും 70 കളിലും സച്ചിന്‍ പുറത്തായി.

മുമ്പ് പലപ്പോഴും പടിവാതില്‍ക്കലെത്തി നഷ്ടപ്പെട്ടത് ഇത്തവണ സച്ചിന്‍ സ്വന്തമാക്കുക തന്നെ ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റിലെ 23-ാം വര്‍ഷമാണ് ലിറ്റില്‍ മാസ്റ്റര്‍ നൂറാം ശതകം സ്വന്തമാക്കിയത്. ഇന്നത്തെ സെഞ്ച്വറിയോടെ ഏകദിനത്തിലെ സച്ചിന്റെ സെഞ്ച്വറികളുടെ എണ്ണം 49 ആയി. ടെസ്റ്റില്‍ 51 സെഞ്ച്വറികളും സച്ചിന്റെ കരിയറിലുണ്ട്.

ഈ നേട്ടം കൈവരിച്ചതോടെ വലിയൊരു സമ്മര്‍ദ്ദമാണ് സച്ചിനില്‍ നിന്ന് ഒഴിഞ്ഞുപോകുന്നത്. നൂറാം സെഞ്ച്വറിയ്ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ആരാധകരുടെ കാത്തിരിപ്പ് സച്ചിനില്‍ വലിയ സമ്മര്‍ദ്ദമാണുണ്ടാക്കിയിരുന്നത്. ഇത് ഒരു പരിധി വരെ അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെയും ബാധിച്ചിരുന്നു.


ഏകദിന മത്സരങ്ങളിലെ ശ്രദ്ധേയമായ റെക്കോഡുകളെല്ലാം സ്വന്തം പേരിലാക്കിയ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ബ്രാഡ്മാന് 100 റണ്‍സ് ശരാശരി തികയ്ക്കാനാകെ പോയതുപോലെ നൂറു സെഞ്ച്വറി എന്ന അസുലഭ നേട്ടം തികയ്ക്കാനാകാതെ പോകുമോ എന്ന് ക്രിക്കറ്റ് പണ്ഡിതര്‍ പോലും അടക്കം പറയാന്‍ തുടങ്ങിയ ഘട്ടത്തിലാണ് സച്ചിന്‍ നൂറില്‍ 100 തികച്ചത്. അന്താരാഷ്ട്ര കരിയറില്‍ സച്ചിന്റെ ബാറ്റില്‍ നിന്ന് ഇതിനോടകം പിറന്നത് 33,850 ലേറെ റണ്‍സാണ്.

ഏകദിനത്തിലും ടെസ്റ്റിലും റണ്‍വെട്ടയില്‍ മറ്റ് താരങ്ങളേക്കാളും ബഹുദൂരം മുന്നിലാണ് സച്ചിന്‍. ടെസ്റ്റ് കരിയറില്‍ 61 അര്‍ധസെഞ്ച്വറി സ്വന്തമായുള്ള ലിറ്റില്‍ മാസ്റ്റര്‍ക്ക് ഏകദിനത്തില്‍ 95 അര്‍ധസെഞ്വറികളുമുണ്ട്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഇരട്ടശതകം നേടിയ ക്രിക്കറ്ററും സച്ചിന്‍ തന്നെ. 2010 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു സച്ചിന്റെ ഇരട്ടസെഞ്ച്വറി പ്രകടനം. സച്ചിന്‍ തീര്‍ത്ത 200 റണ്‍സിന്റെ റെക്കോഡ് പിന്നീട് സെവാഗ് 219 ആയി തിരുത്തിയെഴുതിയത്.

ഒരു പക്ഷേ ഒരു മനുഷ്യായുസ്സില്‍ മറ്റൊരു കളിക്കാരനും എത്തിപ്പിടിക്കാനാവാത്ത റെക്കോഡാണ് സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍ 2012 ല്‍ മിര്‍പ്പൂരില്‍ കുറിച്ചിട്ടത്. സെഞ്ച്വറി നേടുകയെന്നതുതന്നെ വലിയ കാര്യമായി കരുതുന്ന കളിക്കാര്‍ക്കിടയില്‍ സെഞ്ച്വറികളുടെ സെഞ്ച്വറി താണ്ടിയതിനെ എന്തു നല്കി വിശേഷിപ്പിക്കും? അന്തരിച്ച ഇതിഹാസ ബാറ്റ്‌സ്മാന്‍ ഡോണ്‍ ബ്രാഡ്മാന്‍, എന്നോളം പോന്നവന്‍ എന്ന് സച്ചിനെ പ്രശംസ കൊണ്ടു മൂടിയത് വെറുതെയല്ല. ഒരു ജീനിയസ്സിനെ തിരിച്ചറിയാന്‍ മറ്റൊരു ജീനിയസ്സിനാവുമെന്നതു കൊണ്ടു തന്നെ. ബ്രാഡ്മാന്റെ വാക്കുകള്‍ക്ക് തിളക്കമേറ്റുകയാണ് സെഞ്ച്വറികളില്‍ സെഞ്ചുറിയുമായി സച്ചിന്‍. സെഞ്ച്വറികളുടെ അര്‍ധസെഞ്ച്വറി ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനില്‍ പിന്നിട്ട സച്ചിന്‍ നൂറില്‍ നൂറ് തികച്ചത് മിര്‍പ്പൂരില്‍.


വര്‍ത്തമാനകാല ക്രിക്കറ്റില്‍ സച്ചിന്റെ നേട്ടങ്ങള്‍ മറികടക്കാന്‍ മറ്റൊരാളുണ്ടാവില്ലന്നുറപ്പാണ്. സെഞ്ച്വറി നേട്ടത്തില്‍ സച്ചിനു പിന്നിലുള്ള ഇപ്പോഴത്തെ കളിക്കാരില്‍ ഭീഷണിയുയര്‍ത്താവുന്നവരില്‍ ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിങ്ങ് വിരമിച്ചു. ഇനിയുള്ളത് ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസും മാത്രമാണ്. 59 സെഞ്ച്വറി പിന്നിട്ട കാലിസിനും സച്ചിന്റെ റെക്കോഡ് മറികടക്കുക ഏറക്കുറേ ദുഷ്‌കരം തന്നെ.

ബംഗ്ലാദേശിനെതിരെ ഇന്ന് സച്ചിനൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സിന് ചുക്കാന്‍ പിടിച്ചത് വിരാട് കോലിയാണ്(66). കോലിക്ക് 35 ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യന്‍ നിരയില്‍ മറ്റൊരു താരമായ രവീന്ദ്ര ജഡേജയ്ക്കാകട്ടെ അന്ന് അഞ്ച് ദിവസം മാത്രം പ്രായം. 23 വര്‍ഷമായി ക്രിസീല്‍ തുടരുന്ന സച്ചിന്‍ ഈ 38 ാം വയസ്സില്‍ നൂറാമത്തെ സെഞ്ച്വറി തികയ്ക്കുമ്പോള്‍ 12 ബൗണ്ടറികളും ഒരു സിക്‌സറും മാറ്റി നിര്‍ത്തിയാല്‍ 60 റണ്‍സും സിംഗിളും ഡബിളും ഓടിയെടുത്തതാണെന്ന് ശ്രദ്ധിക്കുക.

ബംഗ്ലാദേശിനെതിരെ മാത്രമായിരുന്നു സച്ചിന് ഇതുവരെയും ഒരു സെഞ്ച്വറി തന്റെ അക്കൗണ്ടിലില്ലാതിരുന്നത്. അതും ഇന്ന് പൂര്‍ത്തിയാക്കിയപ്പോള്‍ അത് സെഞ്ച്വറികളില്‍ സെഞ്ച്വറി ആയി. ഇതോടെ ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങള്‍ക്കെതിരെയും സച്ചിന്‍ സെഞ്ച്വറി നേടിയ താരമായി സച്ചിന്‍


2012, മാർച്ച് 5, തിങ്കളാഴ്‌ച

സച്ചിന്‍ വിരമിക്കണം എന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്‌

സച്ചിന്‍ ക്രിക്കറ്റ്‌ കളി നിര്‍ത്താനായി എന്ന് പറയുന്നവരുടെ ശ്രദ്ധക്ക്...!!

സച്ചിന്‍ ക്രികറ്റ്‌ കളി നിര്‍ത്താന്‍ പറയാന്‍ നിങ്ങള്‍ക്ക്‌ എന്ത് യോഗ്യതയാണ് ഉള്ളത് ...?

1999 ഇംഗ്ലണ്ടില്‍ നടന്ന വേള്‍ഡ്‌ കപ്പ് ക്രിക്കറ്റ്‌ മത്സരത്തിനിടയിലാണ് സച്ചിന്‍റെ അച്ഛന്റെ മരണം.
ശവസംസ്കാര ചടങ്ങുകള്‍ക്കായി സച്ചിന്‍ ഇന്ത്യയിലേക്ക് തിരിച്ചു. സച്ചിന്‍ ഇല്ലാത്ത ഇന്ത്യ ദുര്‍ബലരായ സിംബാവേയുമായുള്ള അടുത്ത മത്സരത്തില്‍ മൂന്ന്‍ റണ്‍സിന് തോല്‍ക്കുകയും ചെയ്തു. അച്ഛന്റെ മരണം അദ്ദേഹത്തെ മാനസികമായി ഏറെ തളര്‍ത്തിയെങ്കിലും ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആഗ്രഹവും അതിലുപരി രാജ്യത്തോടുള്ള കടമയും, കോടിക്കണക്കിനാളുകളുടെ അഭ്യര്‍ത്ഥനയും വേള്‍ഡ്‌ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി അദ്ദേഹം ഇംഗ്ലണ്ടിലേക്ക് വണ്ടി കയറി.

തൊട്ടടുത്ത മല്‍സരത്തില്‍ കെനിയക്കെതിരെ വെറും 101 പന്തുകളില്‍ നിന്നും 140 റണ്സ് വാരിക്കൂട്ടി അദ്ദേഹം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഒരു കളിയോടും ഇത്രയധികം ആല്‍മാര്‍ത്ഥത പുലര്‍ത്തുന്നു ഒരു കളിക്കാരനെ എവിടെയെങ്കിലും ആര്‍ക്കെങ്കിലും കാണാന്‍ സാധിക്കുമോ ...?

റെകോര്‍ഡുകള്‍ക്ക് വേണ്ടിയാണ് സച്ചിന്‍ കളിക്കുന്നതെന്ന് പറയുന്നവര്‍ ഒരു കാര്യം മനസിലാക്കണം അദ്ദേഹം നന്നായി കളിക്കുന്നതുകൊണ്ടാണ് അയാള്‍ക്ക്‌ റെകോര്‍ഡുകള്‍ ഉണ്ടാക്കാന്‍ സാധിക്കുന്നത്.

ദൈവം എല്ലാ മനുഷ്യര്‍ക്കും ഓരോ കഴിവുകള്‍ കൊടുത്തിട്ടുണ്ട് ആരും അത് ഭംഗിയായി വിനിയോഗിക്കാറില്ല ....കിട്ടിയ കഴിവുകള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നത്‌ സച്ചിന്‍ അല്ലാതെ വേറെ ആരുണ്ട്...?

അയാള്‍ക്ക്‌ മതിയാവുന്നതുവരെ അയാള്‍ കളിച്ചോട്ടെ. അദ്ദേഹം ഒരു മഹാ പ്രതിഭയാണ് അത് പലവട്ടം അയാള്‍ തെളിയിച്ചിട്ടുമുണ്ട്. അയാള്‍ക്കറിയാം എന്ന് കളി നിര്‍ത്തണമെന്ന്. ഇനിയും ക്രിക്കറ്റ് ആരാധകര്‍ക്ക്‌ അയാളില്‍ നിന്നും ഒരുപാട് നല്ല ഇന്നിംഗ്സുകള്‍ കാണുവാനുണ്ട്.

ദയവുചെയ്ത് അയാളെ ശല്യപ്പെടുത്തല്ലേ.....
മനസമാധാനത്തോടെ ഒന്നു കളിച്ചോട്ടെ.....
കോടിക്കണക്കിനു ആരാധകരുടെ ഒരു ആഗ്രഹമാണത്...

സച്ചിനില്ലാത്ത ഒരു ഇന്ത്യന്‍ ടീം ....
സച്ചിനില്ലാത്ത ഒരു ക്രിക്കറ്റ്‌......
അത് ഞങ്ങള്‍ക്ക്‌ സങ്കല്‍പ്പിക്കാനേ കഴിയില്ല .....

2012, ഫെബ്രുവരി 19, ഞായറാഴ്‌ച

ഇംഗ്ലീഷ് ഫോറിന്‍ ലീഗ്

             

പേര് ഇംഗ്ലീഷ് പ്രിമിയര്‍ ലീഗെന്നാണ്. പണത്തിളക്കത്തിലും താരത്തിളക്കത്തിലും യൂറോപ്പിലെ മറ്റേത് ലീഗിനെക്കാളും തലയെടുപ്പുമുണ്ട്. എന്നാല്‍ താരങ്ങളെക്കുറിച്ച് വിശദമായി പഠിച്ചാല്‍ ലീഗിന്റെ പേര് ഇംഗ്ലീഷ് ഫോറിന്‍ ലീഗ് എന്നാക്കേണ്ടി വരും. ഇ പി എല്ലില്‍ കളിക്കുന്ന 58 ശതമാനം താരങ്ങളും വിദേശികളാണ്.

പ്രിമിയര്‍ ലീഗിലെ 20 ക്ലബുകളിലായി 641 കളിക്കാരെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 42 ശതമാനം മാത്രമേ ഇംഗ്ലീഷുകാരുളളൂ. രണ്ടാം ഡിവിഷനും മൂന്നാം ഡിവിഷനും കൂടി ചേരുമ്പോള്‍ ആകെ 1465 കളിക്കാരാണുളളത്. 983 പേരാണ് ഇതില്‍ സ്വദേശികളായിട്ടുളളത്. കളിപഠിക്കുന്ന 15 വയസ്സുവരെ വരെ ഉള്‍പ്പെടുത്തിയതാണ് ഈ പട്ടികയെന്നതും ഓര്‍ക്കണം. അപ്പോഴാണ് ഇംഗ്ലീഷ് ഫുട്‌ബോളിന്റെ അവസ്ഥ മനസ്സിലാവുക.

ഫ്രാന്‍സില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കളിക്കാന്‍ പ്രിമിയര്‍ ലീഗില്‍ പന്തുതട്ടുന്നത്. 30 ഫ്രഞ്ച് താരങ്ങളാണ് പ്രിമിയര്‍ ലീഗില്‍ വിവധ ടീമുകള്‍ക്കായി പൊരുതുന്നത്. താരക്കയറ്റുമതിയില്‍ സ്‌പെയ്ന്‍, ബ്രസീല്‍, ഹോളണ്ട് എന്നിവരാണ് തൊട്ടുപിന്നില്‍. ആകെ 67 രാജ്യങ്ങളില്‍ നിന്നുളള കളിക്കാര്‍ പ്രിമിയര്‍ ലീഗില്‍ കളിക്കുന്നുണ്ട്.

ആഴ്‌സനലും ഫുള്‍ഹാമുമാണ് ഏറ്റവുമധികം വിദേശതാരങ്ങളുളള ടീമുകള്‍. 20 ശതമാനത്തില്‍ താഴെ മാത്രമേ സ്വദേശ കളിക്കാര്‍ ഈ ടീമുകളിലുളളൂ. ചെല്‍സിയില്‍ നാലിലൊന്നും മാഞ്ചസ്റ്റര്‍ സിറ്റിയില്‍ മൂന്നിലൊന്നും ഇംഗ്ലീഷുകാരാണ്. ഈ സീസണില്‍ പ്രിമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ നോര്‍വിച്ച് സിറ്റിയിലാണ് ഏറ്റവുമധികം സ്വദേശികളുളളത്, 70 ശതമാനം. ബോള്‍ട്ടന്‍, സണ്ടര്‍ലാന്‍ഡ്, സ്‌റ്റോക്ക് സിറ്റി എന്നിവരാണ് തൊട്ടുപിന്നിലുളളത്.

സ്‌പെയ്‌നില്‍ നിന്ന് 24 പേരും ബ്രസീലില്‍ നിന്ന് 12 പേരും ഹോളണ്ടില്‍ നിന്ന് 11 പേരും പോര്‍ട്ടുഗലില്‍ നിന്ന് എട്ട്‌പേരും പ്രിമിയര്‍ ലീഗില്‍ കളിക്കുന്നു. ജര്‍മനിയില്‍ നിന്ന് മൂന്നും ഇറ്റലിയില്‍ നിന്ന് അഞ്ചും കളിക്കാര്‍ മാത്രമേയുളളൂ എന്നുതും കൗതുകകരമാണ്. ഏഷ്യയില്‍ നിന്ന് ആകെ ആറ് കളിക്കാരും.

2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

English Premier League.

                                                                     

ഇംഗ്ളണ്ടില്‍ തരംതാഴ്ത്തലിന് തീപിടിക്കുമ്പോള്‍



ലോകം എന്നും ജേതാക്കള്‍ക്ക് പിന്നാലെയാണ്. സ്ഥിരമായി ജയിക്കുന്നവര്‍ക്കും ജയിക്കാനായി പൊരുതുന്നവര്‍ക്കും പിന്നാലെ. ലോകത്തേറ്റവും ആരാധകരും കാഴ്ചക്കാരുളള ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിന്റെ കാര്യവും വ്യത്യസ്തമല്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും ആഴ്‌സനലും ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയുമൊക്കെയേ ആരാധകരുടെ മനസ്സിലേക്ക് പെട്ടെന്ന് ഓടിയെത്തൂ. ഇവരില്‍ത്തന്നെ ആരായിരിക്കും പുതിയ കിരീടാവകാശികള്‍ എന്നായിരിക്കും ഓരോ സീസണിലേയും ചൂടേറിയ ചര്‍ച്ച. ഈ ചൂടന്‍ ചര്‍ച്ചകള്‍ക്കും കിരീടപ്പോരാട്ടത്തിനും ഇടയില്‍ വേണ്ടത്ര ശ്രദ്ധിക്കാതെപോകുന്ന ചില മരണപ്പോരാട്ടങ്ങളുണ്ട്. പ്രിമിയര്‍ ലീഗില്‍നിന്ന് തരംതാഴ്ത്തപ്പെടാതിരിക്കാന്‍ പോയിന്റ് പട്ടികയിലെ അവസാനസ്ഥാനക്കാര്‍ നടത്തുന്ന ജീവന്‍മരണപ്പോരങ്ങള്‍. മിക്കപ്പോഴും കിരീടപ്പോരിനോളം ആവേശം നിറഞ്ഞതായിരിക്കും നിലനില്‍പിനായുളള ഈ പോരാട്ടങ്ങളും.

മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇഞ്ചോടിഞ്ചുളള പോരുമായി മുന്നേറുന്നതിനിടെ ഇത്തവണത്തെ പ്രിമിയര്‍ ലീഗില്‍ മറ്റൊരു കാര്യംകൂടി ചര്‍ച്ചാവിഷയമാവുന്നു. വര്‍ഷങ്ങളായി പിന്തുടരുന്ന തരംതാഴ്ത്തല്‍ സംവിധാനം ഇല്ലാതാക്കണമെന്നാണ് പുതിയ ആവശ്യം. വിദേശ ഉടമസ്ഥര്‍ക്ക് കീഴിലുളള ക്ലബുകളാണ് ഈ ആവശ്യത്തിന് പിന്നില്‍. എന്നാല്‍ ഇംഗ്ലീഷ് ഉടമസ്ഥര്‍ ഇതിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. പ്രിമിയര്‍ ലീഗില്‍ ഇപ്പോള്‍ കളിക്കുന്ന 20 ക്ലബുകളില്‍ പകുതിയും വിദേശ ഉടമസ്ഥര്‍ക്ക് കീഴിലുളളവയാണ്. ഓരോ സീസണിലെയും മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ പോയിന്റ് പട്ടികയിലെ അവസാന മൂന്ന് സ്ഥാനക്കാരാണ് രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെടുക. രണ്ടാം ഡിവിഷനിലെ ആദ്യമൂന്ന് സ്ഥാനക്കാര്‍ പ്രിമിയര്‍ ലീഗിലേക്ക് യോഗ്യത നേടുകയും ചെയ്യും. ഈ രീതിമാറ്റി എല്ലാ ടീമുകള്‍ക്കും എല്ലാ സീസണിലും കളിക്കാന്‍ അവസരം ഒരുക്കണമെന്നാണ് ചില ക്ലബുകളുടെ ആവശ്യം. ശതകോടികള്‍ ഒഴുകുന്ന അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ലീഗ് ഇതിന് ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രിമിയിര്‍ ലീഗിലെ ഒന്നാംനിര ക്ലബുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി, ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ്, ആഴ്‌സനല്‍, ആസ്റ്റന്‍ വില്ല, ക്യൂന്‍സ് പാര്‍ക് റേഞ്ചേഴ്‌സ് തുടങ്ങിയവരെല്ലാം വിദേശ ഉടമസ്ഥതയ്ക്ക് കീഴിലുളള ക്ലബുകളാണ്. ബ്ലാക്ക്‌ബേണ്‍ ഇന്ത്യന്‍ വ്യവസായികളായ വെങ്കി ഗ്രൂപ്പിന് കീഴിലുളളതാണ്. മാഞ്ചസ്റ്റര്‍ സിറ്റി ദുബായ് ആസ്ഥാനമായുളള ഉടമസ്ഥരുടെയും ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സ് മലേഷ്യന്‍ ഉടമസ്ഥരുടെയും കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സനല്‍, ആസ്റ്റന്‍ വില്ല, ലിവര്‍പൂള്‍, സണ്ടര്‍ലാന്‍ഡ് തുടങ്ങിയ ക്ലബുകളുടെ ഉടമസ്ഥര്‍ അമേരിക്കന്‍ കോടീശ്വരന്‍മാരാണ്. റഷ്യന്‍ എണ്ണ വ്യവസായിയായ റൊമാന്‍ അബ്രമോവിച്ചാണ് ചെല്‍സിയുടെ ഉടമസ്ഥന്‍.

ഏഷ്യയില്‍ നിന്നുളള ക്ലബ് ഉടമസ്ഥരാണ് തരംതാഴ്ത്തല്‍ സംവിധാനം ഒഴിവാക്കണമെന്ന വാദം മുന്നോട്ടു വച്ചിരിക്കുന്നത്. കോടികള്‍ മുടക്കുന്നതിന് നഷ്ടം വരാതിരിക്കാനാണ് ഇവരുടെ ഈ നിര്‍ദേശം. മറ്റ് വിദേശ ഉടമസ്ഥരും ഇതിനോട് അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. സ്വദേശി ഉടമസ്ഥരുളള ക്ലബുകളില്‍ സ്റ്റോക്ക് സിറ്റി ഒഴികെയുളളവരെല്ലാം ഈ ആവശ്യത്തെ ശക്തിയുക്തം എതിര്‍ക്കുകയാണ്. തരംതാഴ്ത്തല്‍ ഒഴിവാക്കിയാല്‍ പ്രിമിയര്‍ ലീഗിന്റെ ആത്മാവ് തന്നെ ചോര്‍ന്നുപോകുമെന്ന് ഈ ക്ലബുകള്‍ വാദിക്കുന്നു. ഇതേസമയം ബോള്‍ട്ടന്‍ വാണ്ടറേഴ്‌സ് ലീഗിലെ ടീമുകളുടെ എണ്ണം കൂട്ടിയാല്‍ മതിയെന്ന നിലപാട് സ്വീകരിക്കുന്ന ക്ലബാണ്.

നിലവിലെ നിയമം അനുസരിച്ച്, പ്രിമിയര്‍ ലീഗിലെ 20 ക്ലബുകളില്‍ 14 ടീമുകളുടെ പിന്തുണയുണ്ടെങ്കിലേ ടൂര്‍ണമെന്റിന്റെ ഘടനയില്‍ മാറ്റം വരുത്താനാവൂ. മാത്രമല്ല, ഇതിന് ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിക്കുകയും വേണം. എന്തായാലും വരും ദിവസങ്ങളില്‍ കളിക്കളത്തിലെ തീപാറും പോരാട്ടങ്ങള്‍ പോലെ തന്നെ ആവേശകരമായിരിക്കും തരംതാഴ്ത്തല്‍ ചര്‍ച്ചകളും.

2012, ഫെബ്രുവരി 16, വ്യാഴാഴ്‌ച

സ്വപ്‌ന ഇലവനില്‍ സച്ചിനും സെവാഗും കപിലും


സ്വപ്‌ന ഇലവനില്‍ സച്ചിനും സെവാഗും കപിലും

        
        ക്രിക്കറ്റ് ചരിത്രത്തിലെ സ്വപ്‌ന ഇലവനില്‍ ഇന്ത്യയുടെ മൂന്ന് താരങ്ങള്‍ ഇടംപിടിച്ചു. കപില്‍ ദേവ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ് എന്നിവരാണ് ഐ സി സിയുടെ എക്കാലത്തെയും മികച്ച ഏകദിന ടീമില്‍ ഇടം പിടിച്ച താരങ്ങള്‍. ലോകമെമ്പാടുമുളള ക്രിക്കറ്റ് ആരാധകര്‍ വോട്ടെടുപ്പിലൂടെയാണ് ഏകദിന ചരിത്രത്തിലെ സ്വപ്‌ന ഇലവനെ കണ്ടെത്തിയത്. ഏകദിന ക്രിക്കറ്റിന്റെ നാല്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടായിരുന്നു വോട്ടെടുപ്പ്.

ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് മൂന്നുവീതവും വെസ്‌റ്റ് ഇന്‍ഡീസില്‍ നിന്ന് രണ്ടു പേരും ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ , ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന് ഓരോ താരങ്ങളുമാണ് സ്വപ്‌ന ഇലവനിലുളളത്. ഡിസംബര്‍ 22 മുതല്‍ ജനുവരി രണ്ടു വരെയായിരുന്നു വോട്ടെടുപ്പ്. 97 രാജ്യങ്ങളില്‍ നിന്നുളള 600,000 ആളുകള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.

1971 ജനുവരി അഞ്ചിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലായിരുന്നു ആദ്യ ഏകദിന മത്സരം. എക്കാലത്തെയും മികച്ച മത്സരമായി തിരഞ്ഞെടുക്കപ്പെട്ടത് 2008ല്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ വാണ്ടറേഴ്‌സില്‍ നടന്ന പോരാട്ടമാണ്. ഓസീസിന്റെ 434 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചാണ് ദക്ഷിണാഫ്രിക്ക ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച ജയം സ്വന്തമാക്കിയത്. ഐസിസി ഷോര്‍ട്ട് ലിസ്റ്റ് ചെയ്‌ത 48 കളിക്കാരില്‍ നിന്നാണ് ആരാധകര്‍ വോട്ടെടുപ്പിലൂടെ സ്വപ്‌ന ഇലവനെ കണ്ടെത്തിയത്. മികച്ച മത്സരങ്ങളായി ഐ സിസി 10 പോരാട്ടങ്ങളാണ് നിര്‍ദേശിച്ചിരുന്നത്.


കപില്‍ ദേവ്
ടീമിലെ ഏക ഓള്‍റൗണ്ടറാണ് 1983ലെ ലോകകപ്പില്‍​ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച നായകനായ കപില്‍ദേവ്. മുത്തയ്യാ മുരളീധരന്‍ ഏക സ്‌പിന്നറും. സച്ചിനും സെവാഗുമാണ് ഓപ്പണര്‍മാര്‍. സൗരവ് ഗാംഗുലി, എം എസ് ധോണി, ഹര്‍ഭജന്‍ സിംഗ്, അനില്‍ കുംബ്ലെ​എന്നിവര്‍ക്ക് അന്തിമ ഇലവനില്‍ സ്ഥാനം കണ്ടെത്താനായില്ല. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്‍ മൈക്കല്‍ ബെവന്‍ പന്ത്രണ്ടാമനായി തിരഞ്ഞെടുക്കപ്പെട്ടു.

സ്വപ്‌ന ഇലവന്‍

ഓപ്പണര്‍മാര്‍ : സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ , വിരേന്ദര്‍ സെവാഗ്

മധ്യനിര : ബ്രയന്‍ ലാറ, വിവ് റിച്ചാര്‍ഡ്സ്, റിക്കി പോണ്ടിംഗ്
ആള്‍റൗണ്ടര്‍ : കപില്‍ ദേവ്

വിക്കറ്റ് കീപ്പര്‍ : ആഡം ഗില്‍ക്രിസ്‌റ്റ്

സ്‌പിന്നര്‍ : മുത്തയ്യാ മുരളീധരന്‍

ഫാസ്‌റ്റ് ബൗളര്‍മാര്‍ : വസീം അക്രം, ഗ്ലെന്‍ മഗ്രാത്ത്, അലന്‍ ഡൊണാള്‍ഡ്

പന്ത്രണ്ടാമന്‍ : മൈക്കല്‍ ബെവന്‍

പെലെയോ മാറഡോണയോ...അതോ യോഹന് ക്രിയ്ഫോ?


പെലെയോ മാറഡോണയോ ഏറ്റവും മികച്ച ഫുട്‌ബോളര്‍ ?.പതിറ്റാണ്ടുകളായി ഫുട്‌ബോള്‍ ലോകത്തെ ബില്യണ്‍ ഡോളര്‍ ചോദ്യമാണിത്. കാലത്തിനും ദേശത്തിനും അതീതമായി തര്‍ക്കങ്ങളും വാദങ്ങളും ഡ്രിബിള്‍ ചെയ്തു മുന്നേറുമ്പോള്‍ പുതിയൊരു പേരുകൂടി ഉയര്‍ന്നു വരുന്നു; ആല്‍ഫ്രഡോ ഡിസ്‌റ്റെഫാനോ. എക്കാലത്തെയും മികച്ചതാരം താന്‍ തന്നെയെന്ന് ഡീഗോ മാറഡോണ ആവര്‍ത്തിക്കുമ്പോള്‍, ഫുട്‌ബോള്‍ രാജാവ് സാക്ഷാല്‍ പെലെ തന്നെയാണ് ഡിസ്‌റ്റെഫാനോയെ താരങ്ങളുടെ താരമായി അവരോധിച്ചത്. ഇതോടെ കേമന്‍മാരില്‍ കേമനാരെന്ന ഫുട്‌ബോള്‍ ലോകത്തെ തര്‍ക്കപ്പട്ടിക മൂന്നായി ഉയരുന്നു.

രാജ്യാന്തരതലത്തില്‍ ഫുട്‌ബോളിലെ അവസാനവാക്കായ ഫിഫയ്ക്കുപോലും ഉത്തരം കണ്ടെത്താനാവാത്ത സമസ്യയാണ് ഏറ്റവും മികച്ച താരം ആരെന്നത്. കണക്കെടുപ്പുകളിലും വിലയിരുത്തലുകളിലും പെലെയും മാറഡോണയും മാറി മാറി മുന്നിലെത്തുന്നു. ഇതുതന്നെയാണ് എക്കാലത്തെയും മികച്ച താരം ആരെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം അസാധ്യമാക്കുന്നത്. ഈ ഇട്ടാവട്ടം ഒറ്റയടിക്ക് ഡിസ്‌റ്റെഫാനോയിലൂടെ വലുതാക്കുകയായിരുന്നു പെലെ. പറഞ്ഞത് പെലെയായതിനാല്‍ ലോകമത് ഏറ്റെടുക്കുകയും ചെയ്തു. ചര്‍ച്ച രണ്ടില്‍ നിന്ന് മൂന്നിലേക്ക് കുതിച്ചു ചാടുകയും ചെയ്തു.

പെലെയും മാറഡോണയും തമ്മിലുളള വാക്പയറ്റ് മുറുകുമ്പോഴാണ് ഡിസ്‌റ്റെഫാനോയുടെ `അരങ്ങേറ്റം' എന്നതും ശ്രദ്ധേയം. പെലെയെക്കാള്‍ മികച്ചതാരം താന്‍തന്നെയെന്ന് മാറഡോണ വാദിച്ചതിന് പെലെയുടെ ഏറ്റവും ഒടുവിലെ മറുപടി ആയിരുന്നു അര്‍ജന്റീനക്കാരന്‍ കൂടിയായ ഡിസ്‌റ്റെഫാനോ.കഴിഞ്ഞ നൂറ്റാണ്ടിലെ താരത്തെ കണ്ടെത്താനുളള ഫിഫയുടെ വോട്ടെടുപ്പില്‍ നാലാം സ്ഥാനത്തായിരുന്നു റയല്‍ മാഡ്രിഡിന്റെ ഈ സുവര്‍ണ താരം. പെലെയും മാറഡോണയും ബ്രസീലിനും അര്‍ജന്റീനയ്ക്കും വേണ്ടി കളിക്കളത്തില്‍ദൈവങ്ങളായപ്പോള്‍ ഡിസ്‌റ്റെഫാനോ റയല്‍ മാഡ്രിഡിനുവേണ്ടി അടിച്ചുകൂട്ടിയ ഗോളുകളിലൂടെയാണ് ഫുട്‌ബോള്‍ പ്രേമികളുടെ നെഞ്ചകങ്ങളില്‍ ഇടംപിടിച്ചത്. ജന്‍മനാടായ അര്‍ജന്റീനയ്ക്കും പൗരത്വം സ്വീകരിച്ച സ്‌പെയ്‌നും കൊളംബിയയ്ക്കും വേണ്ടി രാജ്യാന്തര മത്‌സരങ്ങളില്‍ ബൂട്ടുകെട്ടിയെങ്കിലും ഡിസ്‌റ്റെഫാനോയ്ക്ക് ലോകകപ്പില്‍ കളിക്കാനായില്ലെന്നതും ചരിത്രം.

രണ്ടു കാലഘട്ടത്തിന്റെ പ്രതിനിധികളാണ് പെലയും മാറഡോണയും. അതുകൊണ്ടുതന്നെ ഇവരെ താരതമ്യം ചെയ്യുക ദുഷ്‌കരം. കളിമികവുമായി പെലെ പത്രത്താളുകള്‍ കീഴടക്കിയപ്പോള്‍ മാറഡോണ ടെലിവിഷന്‍ യുഗത്തിലാണ് പന്തുതട്ടിയത്. ഇത് മാറഡോണയെ ജനകീയനാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. നൂറ്റാണ്ടിന്റെ താരത്തെ കണ്ടെത്താന്‍ ഫിഫ നടത്തിയ വോട്ടെടുപ്പ് ഇതു പകല്‍പോലെ വ്യക്തമാക്കുന്നു. ഫിഫ വെബ്‌സൈറ്റിലൂടെ നടത്തിയ വോട്ടെടുപ്പില്‍ മാറഡോണയ്ക്ക് കിട്ടിയത് 53.60 ശതമാനം വോട്ടുകളായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ പെലെയ്ക്ക് ലഭിച്ചത് 18.53 ശതമാനം വോട്ടുകള്‍ മാത്രം. ഡിസ്‌റ്റെഫാനോ(0.68%) പതിനാലാം സ്ഥാനത്തായിരുന്നു. യുസേബിയോ(6.21%) , റോബര്‍ട്ടോ ബാജിയോ(5.42%), റൊമാരിയോ(1.69%) എന്നിവരായിരുന്നു മൂന്നു മുതല്‍ അഞ്ചുവരെ സ്ഥനങ്ങളില്‍. എന്നാല്‍ പരിശീലകര്‍, ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റുകള്‍, വിദഗ്ധര്‍ എന്നിവരുള്‍പ്പെട്ട ഫിഫ സമിതിയുടെ വോട്ടെടുപ്പില്‍ പെലെ ഒന്നാം സ്ഥാനത്തത്തെത്തി. മാറഡോണ അഞ്ചാമതായപ്പോള്‍ യോഹാന്‍ ക്രൈഫ്, ഫ്രാന്‍സ് ബെക്കന്‍ബോവര്‍, ഡിസ്‌റ്റെഫാനോ എന്നിവരാണ് രണ്ടു മുതല്‍ നാല് വരെയുളള സ്ഥാനങ്ങളില്‍ എത്തിയത്. ഫിഫ മാഗസിന്റെയും ഗ്രാന്റ് ജൂറിയുടെയും വോട്ടെടുപ്പിലും പെലെയ്ക്ക് തന്നെ ഒന്നാം സ്ഥാനം. 72.8% വോട്ടുകളാണ് നേടിയത്. 6.0%വോട്ടുകളുമായി മാറഡോണയ്ക്ക് മൂന്നാമതെത്താനെ കഴിഞ്ഞുളളൂ. ഡിസ്‌റ്റെഫാനോ 9.8% വോട്ടുകളുമായി രണ്ടാമതെത്തി. ആധുനിക യുഗത്തിന്റെ മാധ്യമമായ ഇന്റര്‍നെറ്റ് പോളിംഗില്‍ മാത്രമാണ് മാറഡോണ മുന്നിലെത്തിയത്. വിദഗ്ധസമിതിയുടെ കളങ്ങളിലെല്ലാം നിറഞ്ഞ് നിന്നത് ബ്രസീലിയന്‍ ഇതിഹാസമായിരുന്നു.മാറഡോണയെ മറികടന്ന് ഡിസ്‌റ്റെഫാനോ മുന്നേറിയെന്നതും ശ്രദ്ധേയം.

ഇനിയല്‍പ്പം പഴയകാലത്തിലേക്ക്...

1957-1971 വരെയായിരുന്നു പെലെ ബ്രസീലിനുവേണ്ടി ബൂട്ടുകെട്ടിയത്. 92 മത്‌സരങ്ങളില്‍ നിന്ന് 77ഗോളുകള്‍. ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിനുവേണ്ടി 438മത്‌സരങ്ങളില്‍ നിന്ന് 474 ഗോളുകളും അടിച്ചുകൂട്ടി. അവസാനകാലത്ത് അമേരിക്കന്‍ ക്ലബ്ബായ ന്യൂയോര്‍ക്ക് കോസ്‌മോസിനുവേണ്ടി 64 മത്‌സരങ്ങളില്‍ നിന്ന് 17 ഗോളുകളും പെലെ നേടി. കരിയറില്‍ ആയിരത്തിലധികം ഗോള്‍നേടുന്ന ആദ്യ താരവും പെലെ തന്നെ. മൂന്നു ലോകകപ്പുകളില്‍ മുത്തമിട്ട പെലെ നാലു ലോകകപ്പുകളില്‍ ബ്രസീലിനുവേണ്ടി ബൂട്ടുകെട്ടി(1958, 1962, 1966, 1970). മൂന്നു ലോകകപ്പ് ഫൈനലുകളില്‍(1958, 1962, 1970) കളിച്ച ഏകതാരവും പെലെയാണ്. പതിനാറാം വയസില്‍(1957) ദേശീയ ടീമിലെത്തിയ പെലെ തൊട്ടടുത്ത വര്‍ഷം ലോകകപ്പില്‍ അരങ്ങേറി. സ്വീഡനെ 5-2ന് തോല്‍പ്പിച്ച് കിരീടം നേടുമ്പോള്‍ രണ്ടു എണ്ണംപറഞ്ഞ ഗോളുകള്‍ എഡ്‌സന്‍ അരാന്റസ് ഡോ നാസിമെന്റോയെന്ന പെലെയുടെ പേരിനൊപ്പമുണ്ടായിരുന്നു. ഇതില്‍ ആദ്യത്തെ ഗോള്‍ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോളുകളിലൊന്നായിട്ടാണ് ഇന്നും കണക്കാക്കുന്നത്. അരങ്ങേറ്റ ലോകകപ്പില്‍ ആറു ഗോളുകളായിരുന്നു പെലെയുടെ സംഭാവന.ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞതാരം, ഫൈനലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞതാരം, ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരം,തുടങ്ങിയ ഒട്ടനവധി റെക്കോര്‍ഡുകളും പെലെയ്ക്ക് സ്വന്തമായി. തുടര്‍ന്ന് മൂന്നുലോകകപ്പുകളില്‍ കൂടി പന്തുതട്ടിയ പെലെ ഫുട്‌ബോള്‍ രാജാവ് എന്ന പേരും സ്വന്തമാക്കി. ക്‌ളബ് തലത്തില്‍ സാന്റോസിലായിരുന്നു പെലെയുടെ കരിയര്‍ മുഴുവന്‍. കോസ്‌മോസിനുവേണ്ടി ഒരൊറ്റ വര്‍ഷമാണ് പെലെ കളിച്ചത്. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി 1999ല്‍ പെലെയെ അത്‌ലറ്റ് ഒഫ് ദ സെഞ്ച്വറിയായി തിരഞ്ഞെടുത്തു. ടൈംമാഗസിന്‍ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട 100 വ്യക്തികളിലൊരാളായും തിരഞ്ഞെടുത്തു.

ഇന്‍സൈഡ് ഫോര്‍വേഡായും, സ്‌ട്രൈക്കറായും ബൂട്ടുകെട്ടിയ പെലെ പില്‍ക്കാലത്ത് പ്‌ളേമേക്കറുടെ റോളിലേക്ക് ഉയരുകയും ചെയ്തു. കണിശതയാര്‍ന്ന പാസുകളും എതിരാളികളെ വട്ടംകറക്കുന്ന ഡ്രിബഌംഗും അതിശക്തമായ ഷോട്ടുകളും വേഗതുമായിരുന്നു പെലെയുടെ മികവിന്റെ മുഖമുദ്ര. അര്‍ധാവസരങ്ങള്‍പോലം ലക്ഷ്യത്തിലെത്തിക്കുന്ന ബ്രസീലിയന്‍ ഇതിഹാസം ഹെഡറിലൂടെ ഗോള്‍നേടുന്നതിലും അഗ്രഗണ്യനായിരുന്നു.

പെലെയുടെ സമകാലികനായിരുന്ന ഡിസ്‌റ്റെഫാനോ തുടര്‍ച്ചയായി അഞ്ചുവര്‍ഷം റയല്‍ മാഡ്രിഡിനെ യൂറോപ്യന്‍ ചാമ്പ്യന്‍മാരാക്കിയാണ് (1955-56, 1956-57, 1957-58, 1958-59, 1959-60) ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്ക് ഡ്രിബിള്‍ചെയ്ത് കയറിയത്. റയലിന് വേണ്ടി 282 മത്‌സരങ്ങളില്‍ നിന്ന് 216 ഗോളുകളാണ് ഡിസ്‌റ്റെഫാനോ അടിച്ചുകൂട്ടിയത്. അര്‍ജന്റീനന്‍ ക്ലബ്ബായ റിവര്‍പ്‌ളേറ്റിനുവേണ്ടി 49 ഗോളുകളും കൊളംബിയന്‍ ക്ലബ്ബായ മില്യണയേഴ്‌സിനുവേണ്ടി 88 ഗോളുകളും സ്‌പെയ്‌നിലെ എസ്പാനിയോളിന് വേണ്ടി 11 ഗോളുകളും ഡിസ്‌റ്റെഫാനോ നേടി. കുന്തമുനയെന്ന് കളിക്കളത്തില്‍ അറിയപ്പെട്ട ഡിസ്‌റ്റെഫാനോ അര്‍ജന്റീനയ്ക്ക് വേണ്ടി ആറുമത്‌സരങ്ങള്‍ കളിച്ചു. പക്ഷേ അന്ന് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടിയില്ല. സ്‌പെയ്‌ന് വേണ്ടി 31 മത്‌സരങ്ങളില്‍ നിന്ന് 23 ഗോളുകള്‍ നേടിയെങ്കിലും സ്‌പെയ്‌നും അക്കാലത്ത് ലോകകപ്പ് ബെര്‍ത്ത് നേടിയില്ല. കൊളംബിയയ്ക്ക് വേണ്ടി നാലു മത്‌സരങ്ങളിലും ഡിസ്‌റ്റെഫാനോ ജഴ്‌സിയണിഞ്ഞു.

കാളക്കൂറ്റന്റെ കരുത്തും വേഗതയും തന്ത്രങ്ങളുമാണ് ഡിസ്‌റ്റെഫാനോയെ ഗോള്‍വേട്ടയ്‌ക്കൊപ്പം ശ്രദ്ധേയനാക്കിയത്. എതിരാളികളുടെ പ്രതിരോധക്കോട്ടകള്‍ പിളര്‍ക്കുന്ന ഡിസ്‌റ്റെഫാനോയെ ഗ്രറണ്ടിന്റെ ഏതുഭാഗത്തും കാണാമായിരുന്നു. എതിരാളിയുടെ നീക്കംമുന്‍കൂട്ടിക്കാണാനുളള ശേഷിയായിരുന്നു ഡിസ്‌റ്റെഫാനോയുടെ ഏറ്റവും വലിയ പ്രത്യേകത. റയലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ ഡിസ്‌റ്റെഫാനോ ഇപ്പോള്‍ ക്ലബിന്റെ ഓണററി പ്രസിഡന്റ്കൂടിയാണ്.

അര്‍ജന്റീനയ്ക്കും ആരാധകര്‍ക്കും ദൈവവും സാത്താനുമാണ് ഡീഗോ അര്‍മാന്‍ഡോ മാറഡോണ. കളിക്കളത്തിലെ മാന്ത്രിക സ്പര്‍ശം അദ്ദേഹത്തെ ദൈവമാക്കുമ്പോള്‍ വ്യകതിജീവിതത്തിലെ താളപ്പിഴകള്‍ സാത്താനാക്കുന്നു. ആധുനിക കാലത്തെ താരമായ മാറഡോണ അര്‍ജന്റീനയ്ക്ക് വേണ്ടി 91 മത്‌സരങ്ങളില്‍ നിന്ന് 34 ഗോളുകള്‍ നേടി. പെലെയെപ്പോലെ നാലു ലോകകപ്പുകളില്‍(1982,1986,1990,1994) അര്‍ജന്റീനന്‍ കുപ്പായമണിഞ്ഞു.1986 മെക്‌സിക്കോ ലോകകപ്പില്‍ അര്‍ജന്റീനയെ ചാമ്പ്യന്‍മാരുമാക്കി. ഈ ലോകകപ്പിലെ ഇംഗഌണ്ടിനെതിരെയുളള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്‌സരവും മാറഡോണയെന്ന ഇതിഹാസതാരത്തിന്റെ ഇരുപുറങ്ങള്‍ കായികലോകം കണ്ടു.
ദൈവത്തിന്റെ കൈ എന്ന് പില്‍ക്കാല ചരിത്രം വിശേഷിപ്പിച്ച കുപ്രസിദ്ധമായ ഗോള്‍. തലയ്ക്ക് പകരം കൈകൊണ്ടായിരുന്നു ഡീഗോ പന്ത് ഇംഗ്‌ളണ്ടക വലയിലെത്തിച്ചത്. രണ്ടാം ഗോള്‍ ഫുട്‌ബോളിന്റെ ഓര്‍മ്മയില്‍ അതുവരെ ഇല്ലാത്ത ഒന്നായിരുന്നു. അറുപത് മീറ്റര്‍ ഓട്ടത്തിനിടെ ആറ്ഇംഗ്ലീഷ്‌ താരങ്ങളെയും ഗോള്‍കീപ്പറെയും മറികടന്ന് നേടിയ ഗോള്‍. കഴിഞ്ഞനൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളായി വിലയിരുത്തുന്നതും ഈ മാറഡോണ ഗോള്‍തന്നെ. പക്ഷേ മയക്കുമരുന്നുപയോഗിച്ചതിന് 1994 ലോകകപ്പിനിടെ ഡീഗോയെ നാട്ടിലേക്ക് മടക്കിയയച്ചു. അതിനു മുന്‍പും പതിനഞ്ച് മാസത്തെ വിലക്ക് നേരിടേണ്ടി വന്നിരുന്നു.

അര്‍ജന്റീന ജൂനിയേഴ്‌സ്(116 ഗോളുകള്‍), ബോക്ക ജൂനിയേഴ്‌സ്(70ഗോളുകള്‍),ബാഴ്‌സലോണ(36 ഗോളുകള്‍),നാപ്പോളി(188 ഗോളുകള്‍) എന്നിവിടങ്ങളിലായിരുന്നു മാഡോണയുടെ ക്‌ളബ് കരിയര്‍. കളിക്കളത്തിലെ മികവിനൊപ്പം എന്നുമൊപ്പം വിവാദങ്ങളുടെയും സഹയാത്രികനായിരുന്നു ഈ ഇടങ്കാലന്‍.അഞ്ചടി അഞ്ചിഞ്ചുകാരനായ മാറഡോണ ഗോളടിക്കുന്നതിനൊപ്പം ഗോളടിപ്പിക്കുന്നതിലും മാതൃകയായിരുന്നു. അസാധാരണ പന്തടക്കത്തിലൂടെ എതിരാളിയെ വട്ടംകറക്കി സഹതാരങ്ങള്‍ക്ക് മുന്നേറാന്‍ വഴിയൊരുക്കുന്നതും ഏത്പ്രതിരോധവും പിളര്‍ക്കുന്ന അപ്രതീക്ഷിത പാസുകളും

മാറഡോണ സ്‌പെഷ്യല്‍ തന്നെ. അതിവേഗത്തില്‍ എതിരാളികളെ കബളിപ്പിച്ച് ഇടതുവിംഗിലൂടെ പാഞ്ഞിരുന്ന മാറഡോണ എല്ലാവരുടെയും പേടിസ്വപ്‌നമായിരുന്നു. ഈ മിടുക്ക് സൂപ്പര്‍താരത്തെ നിരന്തര ഫൗളിന് വിധേയനാക്കുകയും ചെയ്തു.

പെലെ ബ്രസീലിലും ലോകകപ്പിലും മാത്രം കളിച്ചാണ് രാജപദവിയിലെത്തിയത്. ഡിസ്‌റ്റെഫാനോയും മാറഡോണയും ഏറ്റവും മികച്ച പ്രതിരോധനിരക്കാരുളള യൂറോപ്പിലും; ഇറ്റാലിയന്‍ ലീഗില്‍ കളിച്ച മാറഡോണ പ്രത്യേകിച്ചും. 1986ല്‍ മാറഡോണ ഏറക്കുറെ ഒറ്റയ്ക്കാണ് അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചത്. പെലെയ്ക്കാവട്ടെ ദിദി, ഗാരിഞ്ച തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ പിന്തുണയുണ്ടായിരുന്നു.പക്ഷെ മികവുറ്റ താരനിരയുണ്ടായിരുന്നെങ്കിലും അവരെയെല്ലാം അതിശയിക്കുന്ന സ്‌കോറിംഗ് മികവ് പെലെയെ മുന്നിലെത്തിക്കുന്നു. കൂട്ടിക്കിഴിക്കലുകളില്‍ ഇവരുടെ കളങ്ങള്‍ ഏറിയും കുറഞ്ഞും ഗോളുകളാല്‍ നിറയുന്നു . കാലഘട്ടമെന്ന `സൂപ്പര്‍താരവും' കൂട്ടിക്കിഴിക്കലില്‍ ഒപ്പത്തിനൊപ്പമുണ്ട്. കാലവും ചരിത്രവും ഇതൊക്കെയാണ്. കേമന്‍മാരില്‍ കേമനാരെന്ന, ഇന്നലെ വരെയുണ്ടായിരുന്ന ചര്‍ച്ച ഇനിയും കൊഴുക്കും. ഉത്തരം കണ്ടെത്തുക അപ്പോഴും അസാധ്യമായിരിക്കും. അപ്പോള്‍ താരങ്ങളുടെ താരമാരെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. നിങ്ങളുടെ മാത്രം ഇഷ്ടത്തിന് അനുസരിച്ച്.

2012, ഫെബ്രുവരി 14, ചൊവ്വാഴ്ച

നെറ്റിലെ താരം ക്രിസ്റ്റിയാനോ


                   ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫയുടെയും കളിവിദഗ്ധരുടെയും കണക്കുപുസ്തകത്തില്‍ ലയണല്‍ മെസ്സിയാണ് ഇപ്പോഴത്തെ സൂപ്പര്‍ താരം. എന്നാല്‍ ഇന്റര്‍നെറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് മിന്നുംതാരം. നെറ്റില്‍ മെസ്സിക്ക് മൂന്നാം സ്ഥാനം മാത്രമേയുളളൂ. ബ്രസീലിന്റെ റയല്‍ മാഡ്രിഡ് താരം കക്കയാണ് ആരാധകരുടെ രണ്ടാമത്തെ പ്രിയതാരം.
ഡേവിഡ് ബെക്കാം, ആന്ദ്രേ ഇനിയസ്റ്റ, വെയ്ന്‍ റൂണി, റൊണാള്‍ഡീഞ്ഞോ, ഫെര്‍ണാണ്ടോ ടോറസ്, സെസ്‌ക് ഫാബ്രിഗാസ്, നെയ്മര്‍ എന്നിവരാണ് നാലു മുതല്‍ പത്ത് വരെ സ്ഥാനങ്ങളിലുളളവര്‍. ഫെയിംകൗണ്ട് എന്ന വെബ്‌സൈറ്റാണ് ഇന്റര്‍നെറ്റില്‍ ഏറ്റവും ആരാധകരുളള ഫുട്‌ബോള്‍ താരങ്ങളുടെ പട്ടിക പുറത്തിറക്കിയത്. ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെ അധികരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ക്രിസ്റ്റിയാനോയ്ക്ക് ഫേസ്ബുക്കില്‍ 32 ദശലക്ഷം ആരാധകരും ട്വിറ്ററില്‍ 37 ലക്ഷം ഫോളോവേഴ്‌സും യൂട്യൂബില്‍ 50 ലക്ഷം സ്ഥിരം കാഴ്ചക്കാരുമുണ്ട്. രണ്ടാം സ്ഥാനത്തുളള കക്കയ്ക്ക് ട്വിറ്ററില്‍ 53 ലക്ഷം ഫോളോവേഴ്‌സും ഫേസ്ബുക്കില്‍ 10.7 ദശലക്ഷം ആരാധകരുമാണുളളത്.ട്വിറ്ററില്‍ ഏറ്റവും ഫോളോവേഴ്‌സുളള ഫുട്‌ബോളറും കക്കയാണ്. മെസ്സിക്ക് എല്ലാ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നിന്നും 23 ദശലക്ഷം ആരാധകരേയുളളൂ.
ഏറ്റവും ആരാധകരുളള ടീമെന്ന ബഹുമതി സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിനാണ്. റയലിന്റെ ചിരവൈരികളായ ബാഴ്‌സലോണയാണ് രണ്ടാം സ്ഥാനത്ത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൂന്നാം സ്ഥാനം സ്വന്തമാക്കി. ട്വിറ്ററിലും യൂട്യൂബിലുമാണ് റയലിനും ബാഴ്‌സയ്ക്കും കൂടുതല്‍ ആരാധകരുളളത്.
ഫേസ്ബുക്കില്‍ മാത്രം മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് മുന്നില്‍. ഫേസ്ബുക്കില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയതും ഇംഗ്ലീഷ് ക്ലബുകളാണ്. ആഴ്‌സനലും ചെല്‍സിയുമാണ് മാന്‍യുവിന് പിന്നിലെത്തിയ ടീമുകള്‍. മാന്‍യുവിന് 18 ദശലക്ഷം ആരാധകരാണുളളത്. ഇതേസമയം ആഴ്‌സനലിന് 7.2 ദശലക്ഷം ആരാധകരും ചെല്‍സിക്ക് 6.8 ദശലക്ഷം ആരാധകരുമാണുളളത്.